ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ക്രിക്കറ്റ് യോഗ്യതാ റൗണ്ടിലെ ആദ്യ ജയം ന്യൂസീലന്‍ഡ് ചാമ്പ്യന്മാരായ ഒട്ടാഗോ വോള്‍ട്സിന്. പാകിസ്താന് ചാമ്പ്യന്മാരായ ഫൈസലാബാദ് വോള്‍വ്സിനെ എട്ടു വിക്കറ്റിന് വോള്‍ട്സ് പരാജയപ്പെടുത്തി. ക്യാപ്റ്റന്‍ കൂടിയായ ബ്രെണ്ടന്‍ മെക്കല്ലം 65 പന്തില്‍ പുറത്താകാതെ നേടിയ 83 റണ്‍സാണ് വോള്‍ട്സിന് ഹൈവോള്ട് വിജയം സമ്മാനിച്ചത്. മെക്കല്ലമാണ് കളിയിലെ കേമന്‍. സ്കോര്‍: വോള്‍വ്സ് 20 ഓവറില്‍ 8ന് 139; വോള്‍ട്സ് 17.5 ഓവറില്‍ 2ന് 142.
ടോസ് ജയിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത പാക് ടീമിന് തുടക്കം പിഴച്ചു. ഓപ്പണര്‍മാരായ അമ്മര്‍ മഹമൂദും(5) അലി വഖാസും(4) സ്കോര്‍ ബോര്‍ഡില്‍ 12 റണ്‍സെത്തുമ്പോഴേക്കും ഡഗ് ഔട്ടില്‍ തിരിച്ചെത്തിയത് വോള്‍വ്സിനെ സമ്മര്‍ദ്ദത്തിലാഴ്ത്തി. നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മിസ്ബാ ഉള് ഹഖും (34 പന്തില്‍ 46) ഖുറാം ഷെഹ്സാദും(27) ചേര്‍ന്നെടുത്ത 61 റണ്‍സ് ടീമിന്റെ നില ഭദ്രമാക്കുമെന്ന് കരുതിയെങ്കിലും ഇരുവരും പുറത്തായതോടെ സ്ഥിതി മാറി. ന്യൂസീലന്‍ഡ് ബൗളര്‍മാര്‍ ആധിപത്യം സ്ഥാപിച്ചതോടെ അവസാന ഓവറുകളില്‍ പ്രതീക്ഷിച്ചത്ര വേഗത്തില്‍ സ്കോര്‍ ചെയ്യാന്‍ പാക് ടീമിനായില്ല. അവരുടെ സ്കോര്‍ 139-ല്‍ ഒതുങ്ങി. ആസിഫ് അലി(14), ഇനമ്രാന് ഖാലിദ്(12), മുഹമ്മദ് സല്മാന്(10) എന്നിവരാണ് വോള്‍വ്സ് നിരയില്‍ രണ്ടക്കം കടന്ന മറ്റു ബാറ്റ്സ്മാന്മാര്. വോള്ട്സിനുവേണ്ടി ഇയാന്‍ ബട്ലര്, ജയിംസ് മക്മില്ലന്, ജയിംസ് നീഷാം എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
140 റണ്‍സ് വിജയലക്ഷ്യത്തിനായി കച്ചകെട്ടിയ വോള്‍ട്സ് സ്കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുമ്പ് ഓപ്പണര്‍ ബ്രൂം(0) പുറത്തായതോടെ ഞെട്ടി. എന്നാല്‍ ഓപ്പണര്‍ ഹമീഷ് റഥര്ഫോഡിനൊപ്പം ചേര്‍ന്ന നായകന് ബ്രെണ്ടന്‍ മെക്കല്ലം പോരാട്ടം പാക് ക്യാമ്പിലേക്ക് തിരിച്ചുവിട്ടു. ഇരുവരും ആക്രമണാത്മക ബാറ്റിങ് പുറത്തെടുത്തതോടെ ചെന്നായ്ക്കളുടെ വീര്യം ചോര്‍ന്നു. ആറാം ഓവറിലെ രണ്ടാം പന്തില്‍ റഥര്‍ഫോഡ്( 12 പന്തില്‍ 25) പുറത്താവുമ്പോള്‍ റണ്‍ ശരാശരി എട്ടു റണ്‍സിന് മുകളിലെത്തിയിരുന്നു. റഥര്‍ഫോഡിനെ മടക്കിയ ഓഫ്സ്പിന്നര്‍ സയീദ് അജ്മലിന് മറ്റൊരു വിക്കറ്റു നേടി ടീമിനെ മടക്കിക്കൊണ്ടുവരാനായില്ല. പിരിയാത്ത മൂന്നാം വിക്കറ്റില്‍ 12.3 ഓവറില്‍ 101 റണ്‍സ് ചേര്‍ത്ത് മെക്കല്ലം-വിക്കറ്റ് കീപ്പര്‍ ഡി ബൂര്‍ഡര്‍(28 പന്തില്‍ പുറത്താവാതെ 30) സഖ്യം ടീമിനെ അനായാസ വിജയത്തിലെത്തിച്ചു.
13 പന്ത് ബാക്കിയിരിക്കെയായിരുന്നു വോള്‍ട്സിന്റെ ജയം. 65 പന്തുകള്‍ നേരിട്ട ബ്രെണ്ടന്‍ മെക്കല്ലം ഒമ്പത് ബൗണ്ടറിയും രണ്ടു സിക്സറുമടിച്ചാണ് 83 റണ്‍സ് വാരിയത്.