അരീക്കോട് പുത്തലം സാളിഗ്രാമ നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളും ശ്രീകോവിലും ഓഫീസ് മുറിയും കുത്തിത്തുറന്ന് കവര്‍ച്ച. ഭണ്ഡാരത്തിലെ 40,000 ത്തില്‍പരം രൂപയും ഓഫീസിലെ അലമാരയില്‍ സൂക്ഷിച്ച 15 സ്വര്‍ണത്താലികളും ഒരു മോതിരവുമാണ് കവര്‍ന്നത്.
ആറുഭണ്ഡാരങ്ങളില്‍ നാലെണ്ണത്തിന്റെ പൂട്ടുതകര്‍ത്താണ് കവര്‍ച്ച. നടപ്പന്തലിനടുത്തും, ഭഗവതിയ്ക്കും വിഷ്ണു, അയ്യപ്പന്‍ എന്നീ ഉപദേവന്‍മാര്‍ക്കും മുമ്പിലായി സ്ഥാപിച്ച ഭണ്ഡാരങ്ങളാണ് കവര്‍ച്ചചെയ്തത്. താലിയും മോതിരവുമടക്കം മുക്കാല്‍ പവന്റെ സ്വര്‍ണമാണ് ഓഫീസില്‍ നിന്ന് നഷ്ടമായതെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി. സുരേന്ദ്രന്‍ പറഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെ 4.45ന് പൂജാകര്‍മ്മങ്ങള്‍ക്ക് എത്തിയ ക്ഷേത്രം കഴകം രാമകൃഷ്ണന്‍ നമ്പീശനാണ് ക്ഷേത്രകവാടം തുറന്നിട്ടതായും ഭണ്ഡാരങ്ങള്‍ കവര്‍ച്ച ചെയ്തതായും കണ്ടത്. ഉടന്‍ തന്നെ ക്ഷേത്രം ജീവനക്കാരെയും സമീപവാസികളേയും അറിയിച്ചു. മഞ്ചേരി സി.ഐ. വി.എ. കൃഷ്ണദാസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും തെളിവുകള്‍ ശേഖരിച്ചു.
ഭണ്ഡാരങ്ങളിലെ നാണയങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല. ഓഫീസിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് അലമാര തുറന്ന് ഫയലുകളും മറ്റും വലിച്ചിട്ടിട്ടുണ്ട്. ശ്രീകോവില്‍ കുത്തിത്തുറന്നിട്ടുണ്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. വഴിപാട് കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന 26,000 രൂപ നഷ്ടപ്പെട്ടിട്ടില്ല. പുസ്തകങ്ങള്‍ക്കുള്ളില്‍ വെച്ചിരുന്നതിനാല്‍ മോഷ്ടാക്കളുടെ ശ്രദ്ധയില്‍പ്പെട്ടില്ല.
മോഷ്ടാക്കള്‍ വലിച്ചെറിഞ്ഞതെന്ന് കരുതുന്ന കയ്യുറ, ഷര്‍ട്ട്, തുണി, പൂട്ട് പൊളിക്കാനുപയോഗിക്കുന്ന ഉപകരണങ്ങള്‍ എന്നിവ ക്ഷേത്രത്തിന്റെ ഇടതു ഭാഗത്തുള്ള പറമ്പില്‍ നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം എടപ്പാളിനടുത്ത് വട്ടംകുളം മൂതൂരിലെ മൂന്ന് വീടുകളിലും സമീപത്തെ കല്ലാനിക്കാവ് ക്ഷേത്രത്തിലും കവര്‍ച്ച നടന്നു. ക്ഷേത്രത്തില്‍ നിന്ന്കവര്‍ന്ന ഭഗവതിയുടെ തിടമ്പ് പിന്നീട് വയലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.