പേരുമാറ്റാനെത്തുന്നവരെ ഗ്യാസ് ഏജന്‍സികള്‍ പിഴിയുന്നു

പേര് മാറ്റാനും മറ്റ് സേവനങ്ങള്‍ക്കുമായി എത്തുന്ന ഉപയോക്താക്കളില്‍നിന്ന് പാചക വാതക ഏജന്‍സികള്‍ അനധികൃതമായി പണം ഈടാക്കുന്നതായി പരാതി. 
 തിരൂരങ്ങാടിയിലെ ഒരു ഏജന്‍സിക്കെതിരെ ഉപയോക്താക്കള്‍ കഴിഞ്ഞ ദിവസം പോലീസില്‍ പരാതിപ്പെട്ടു. 600 മുതല്‍ 2500 രൂപ വരെ രസീതുകളൊന്നും നല്‍കാതെ ഈടാക്കുകയായിരുന്നെന്നാണ് പരാതി.
 കുടുംബത്തിലെ മറ്റൊരാളുടെ പേരിലേയ്ക്ക് പാചക വാതക കണക്ഷന്‍ മാറ്റാന്‍ എത്തിയവരില്‍നിന്നാണ് വന്‍തുക ഈടാക്കിയതെന്ന്് പറയുന്നു.
 വാങ്ങുന്ന പണത്തിന് രേഖയൊന്നും നല്‍കാത്തതിനെ തുടര്‍ന്ന്് ഉപയോക്താവ് ഏജന്‍സിയില്‍ നില്‍ക്കുമ്പോള്‍ത്തന്നെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സെയില്‍സ് മാനേജരെ ഫോണില്‍ വിളിയ്ക്കുകയായിരുന്നു. പേരു മാറ്റത്തിന് അത്രയും തുകയുടെ ചെലവൊന്നും ഇല്ലെന്ന് സെയില്‍സ് മാനേജര്‍ അറിയിച്ചു. അതോടെ പാചക വാതക ഏജന്‍സിക്കാര്‍ക്ക് ഫോണ്‍ കൈമാറാന്‍ ഉപയോക്താവ് ശ്രമിച്ചെങ്കിലും വാങ്ങാന്‍ അവര്‍ തയ്യാറായില്ല. ഇത് ബഹളത്തിന് ഇടയാക്കി. തുടര്‍ന്നാണ് പോലീസ് ഇടപെട്ടതും രേഖാമൂലം സ്റ്റേഷനില്‍ പരാതി എത്തിയതും. 
 പാചക വാതക ഏജന്‍സിക്കാരെയും പരാതിക്കാരനെയും വിളിച്ച് പോലീസ് സംസാരിച്ചു. വാങ്ങുന്ന പണത്തിന് കൃത്യമായി രസീതി നല്‍കണമെന്ന് പോലീസ് നിര്‍ദേശിക്കുകയായിരുന്നു.
 വിദേശത്തുള്ളവരും ജോലി ആവശ്യാര്‍ത്ഥം വീട്ടില്‍ നിന്ന് മാറിത്താമസിക്കുന്നവരുമാണ് തങ്ങളുടെ പേരിലുളള കണക്ഷന്‍ കുടുംബത്തിലെ മറ്റംഗങ്ങളുടെ പേരിലേയ്ക്ക് മാറ്റാന്‍ ആവശ്യപ്പെട്ട് ഏജന്‍സികളെ സമീപിയ്ക്കുന്നത്. ഈയ്യിടെയാണ് ഇക്കാര്യത്തിന് ആവശ്യക്കാര്‍ ഏറിയത്.
 നേരത്തേ എണ്ണക്കമ്പനികള്‍ ഇത്തരം മാറ്റം അനുവദിച്ചിരുന്നില്ല. ആരുടെ പേരിലാണോ കണക്ഷന്‍ എടുത്തത് അതേ പേരില്‍ തുടരുകയായിരുന്നു രീതി. കണക്ഷന്‍ എടുത്തയാള്‍ മരിച്ചു പോയെങ്കില്‍ മാത്രമായിരുന്നു അവകാശികളുടെ പേരിലേയ്ക്ക് മാറ്റിക്കൊടുത്തിരുന്നത്. ഈയ്യിടെ ആ നിലപാടില്‍ മാറ്റം വന്നു. കൂടുംബത്തിലെ ആരുടെ പേരിലേയ്ക്കും മാറ്റാം എന്ന നിലയായി. ആധാര്‍ കണക്ഷനുകളും സബ്‌സിഡി നിലപാടുകളും ഒക്കെച്ചേര്‍ന്നതോടെ ആശയക്കുഴപ്പവും അങ്കലാപ്പും ഏറിയ ഉപഭോക്താക്കള്‍ ഗ്യാസ് കണക്ഷന്‍ വീട്ടില്‍ പതിവായി ഉണ്ടാകുന്ന അംഗത്തിന്റെ പേരിലേയ്ക്ക് മാറ്റിക്കിട്ടാന്‍ ഏജന്‍സികളില്‍ തിരക്കു കൂട്ടുകയാണ്. ഇതിന്റെ മറവിലാണ് തട്ടിപ്പ് അരങ്ങേറുന്നത്.
 മറ്റൊരാളുടെ പേരിലേയ്ക്ക് മാറ്റുമ്പോള്‍ ആവശ്യമായ രേഖകള്‍
 1. ഉപയോക്താവിനെ അറിയുക (കെ.വൈ.സി)ഫോം.ആരുടെ പേരിലേയ്ക്കാണോ മാറ്റേണ്ടത്,അയാളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇതില്‍ എഴുതിച്ചേര്‍ക്കേണ്ടത്.
 എണ്ണക്കമ്പനികളുടെ വെബ്‌സൈറ്റില്‍ നിന്ന് ഈ ഫോം ഡൗണ്‍ലോഡ് ചെയ്യാം. അക്ഷയ കേന്ദ്രങ്ങളിലും നാട്ടിലെ ഇന്റര്‍നെറ്റ് കഫേകളിലും ഇതിന് സൗകര്യമുണ്ട്. ഇന്റര്‍നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടറും പ്രിന്ററുമുള്ള അയല്‍വാസിയുണ്ടെങ്കില്‍ അവരോടും സഹായം തേടാം. എണ്ണക്കമ്പനികളുടെ വെബ്‌സൈറ്റ് വിലാസം: ഇന്‍ഡേന്‍- നന്രന്ര.്രഹൃലമൃവ.ര്.ഹൃ, എച്ച്.പി. -നന്രന്ര.്രസഹൃലുീറമൃ്യവറി്ാവുൗ.ര്ൗ , ഭാരത് ഗ്യാസ്- നന്രന്ര.്രവയസമിമറഷമീ.ര്ൗ
 2. മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍. റേഷന്‍കാര്‍ഡ്, തിരഞ്ഞെടുപ്പുകമ്മിഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയെല്ലാം ഇതിന് ഉപയോഗിയ്ക്കാം
 3. ഒറിജിനല്‍ സബ്‌സ്‌ക്രിപ്ഷന്‍ വൗച്ചര്‍.ഗ്യാസ് കണക്ഷന്‍ എടുത്തപ്പോള്‍ ബുക്കിനൊപ്പം ഏജന്‍സി തന്ന കടലാസ് ആണിത്. അത് നഷ്ടപ്പെട്ടെങ്കില്‍ സത്യവാങ്മൂലം നല്‍കണം. ഇത് നോട്ടറി അറ്റസ്റ്റ് ചെയ്തിരിക്കണമെന്നും ഏജന്‍സികള്‍ ആവശ്യപ്പെടുന്നുണ്ട്. 
 4. സത്യപ്രസ്താവന
 ഇത് കൂടാതെ സിലിന്‍ഡറുകളുടെ പണവും ഏജന്‍സിയില്‍ അടയ്‌ക്കേണ്ടി വരും. കണക്ഷന്‍ എടുത്തപ്പോള്‍ സിലിന്‍ഡറുകള്‍ക്ക് കെട്ടിവച്ച പണവും ഇപ്പോഴത്തെ വിലയും തമ്മില്‍ വ്യത്യാസമുണ്ട്. കൂടിയ വില ഏജന്‍സിയില്‍ അടയ്‌ക്കേണ്ടി വരും.