തുണിക്കടയിലെ സി.സി.ടി.വിയില്‍ പതിഞ്ഞ മോഷ്ടാവിനെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ്‌ചെയ്തു. പശ്ചിമബംഗാള്‍ ബുര്‍ദുവാന്‍ ജില്ലയിലെ കൃഷ്ണപ്രഭാ റോയ് (40) ആണ് പിടിയിലായത്.
പെരുവള്ളൂര്‍ കരുവാങ്കല്ലിലെ അല്‍അമീന്‍ ടെക്‌സ്റ്റൈല്‍സില്‍ ശനിയാഴ്ച അര്‍ധരാത്രി നടന്ന മോഷണത്തിന്‌സി.സി.ടി.വി ദൃശ്യങ്ങള്‍ തുമ്പാവുകയായിരുന്നു. ദൃശ്യങ്ങള്‍ പോലീസ് നാട്ടുകാരെ കാണിച്ചു. പറമ്പില്‍പീടികയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണെന്ന് സംശയം തോന്നി. തുണിക്കടയ്ക്ക് സമീപമുള്ള മറ്റൊരു കടയുടെ മേല്‍ക്കൂര ഷീറ്റിടുന്ന ജോലിക്ക് ഇയാളുമുണ്ടായിരുന്നു. ദൃശ്യങ്ങള്‍ കണ്ട കരാറുകാരന്‍ ആള്‍ കൃഷ്ണപ്രഭാ റോയിയാണെന്ന് ഉറപ്പിച്ചു.
ക്വാര്‍ട്ടേഴ്‌സിലെത്തി പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ആദ്യം കൃഷ്ണപ്രഭാ റോയ് കുറ്റം സമ്മതിച്ചില്ല. ടി.വി ദൃശ്യങ്ങള്‍ കാണിച്ചതോടെ ആകെ പരിഭ്രമിച്ചു. ഷീറ്റിടല്‍ ജോലിക്കിടെ തുണിക്കടയിലേക്ക് കയറാനുള്ള വഴി മനസ്സിലാക്കിവെച്ചായിരുന്നു മോഷണം. 50,000 രൂപയും മൂന്ന് മൊബൈല്‍ ഫോണുകളുമാണ് തുണിക്കടയില്‍നിന്ന് നഷ്ടമായത്. ഇതില്‍ 33,000 രൂപയും രണ്ട് മൊബൈലുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തു.
ബാക്കിതുക ഞായറാഴ്ച വൈകീട്ടോടെ മദ്യപിച്ചും ചീട്ടുകളിച്ചും ചെലവാക്കിയെന്നാണ് പോലീസിന് നല്‍കിയ മൊഴി. തേഞ്ഞിപ്പലം എസ്.ഐ പി. മനോഹരന്റെ നേതൃത്വത്തില്‍ എ.എസ്.ഐ യു.കെ. അബൂബക്കര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷീന്‍ജോസ്, സുബൈര്‍, ഷിഹാബ് എന്നിവരാണ് അന്വേഷണം നടത്തിയത്.