കരിപ്പൂര്‍: 400 കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയില്‍

കരിപ്പൂര്‍ വിമാനത്താവള വികസനം യാഥാര്‍ഥ്യമായാല്‍ കുടിയിറങ്ങേണ്ടിവരുന്നത് 400 ലധികം കുടുംബങ്ങള്‍. വ്യക്തമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ നല്‍കാനാവാതെയാണ് റണ്‍വേ വികസനമുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്കായി 245 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ എയര്‍പ്പോര്‍ട്ട് അതോറിറ്റി വ്യഗ്രത കാട്ടുന്നത്. 
 
പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ നേരത്തെ തീരുമാനിച്ച 157 ഏക്കര്‍ ഭൂമിക്കു പുറമെ പുതുതായി നെടിയിരുപ്പ് ഗ്രാമപഞ്ചായത്തിലേതുള്‍പ്പെടെ 87 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കാന്‍ തീരുമാനിച്ചതോടെ സമീപവാസികള്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്കൊരുങ്ങുകയാണ്. നെടിയിരുപ്പ്, പാലക്കാപറമ്പ് പ്രദേശമാണ് പുതുതായി ഏറ്റെടുക്കല്‍ ഭീഷണിയുള്ളത്. 
 
13, 17 വാര്‍ഡുകള്‍ തന്നെ ഇതുവഴി നഷ്ടമാവും. ഈ ഭാഗത്ത് മാത്രം 300 ഓളം വീടുകള്‍ ഇല്ലാതാവും. മിക്ക വീട്ടുകാരും നിര്‍ധനരായതിനാല്‍ വീട് നഷ്ടപ്പെടുന്ന മുറക്ക് പുതിയ ഇടം കണ്ടെത്തി വീട് നിര്‍മിക്കുക ഏറെ ദുഷ്‌ക്കരമാവും. 
അടിയന്തരമായി റണ്‍വെ 1500 അടി കൂടി നീളം കൂട്ടുന്നതിനാണ് പുതുതായി 87 ഏക്കര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.
 
ഭൂമി ഏറ്റെടുക്കുന്നത് ചെറുക്കുമെന്ന നിലപാടിലാണ് പ്രദേശവാസികള്‍. ടേബിള്‍ടോപ്പ് റണ്‍വേ ആയതിനാല്‍ പുതുതായി നീളം കൂട്ടുമ്പോഴും ലക്ഷക്കണക്കിന് ലോഡ് മണ്ണ് വേണ്ടിവരും. സ്വാഭാവികമായും ഇനിയും ഇതിനാശ്രയിക്കേണ്ടിവരുന്നത് സമീപത്തെ മലകളെയാവും. വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഇതുവഴി നേരിടേണ്ടിവരിക. 
 
കഴിഞ്ഞ ദിവസം ജില്ലാകലക്ടര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. മുസ്തഫ തങ്ങള്‍, സി. ഫാത്തിമബീവി, കെ.സി. ഷീബ എന്നിവര്‍ ഭൂമി വിട്ടുനല്‍കുന്നതില്‍ പ്രയാസം അറിയിച്ചിട്ടുണ്ട്. 
 
വിമാനത്താവള വികസനത്തിന് മണ്ണും, മനസ്സും നല്‍കിയ തദ്ദേശീയര്‍ക്ക് വിമാനത്താവളം പലപ്പോഴും പ്രതികൂലമാവുകയാണ്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ജോലി നല്‍കാമെന്ന് അന്ന് അതോറിറ്റിയും മഡാക്കും കലക്ടറും വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ കരിപ്പൂര്‍ വികസിച്ചതോടെ വാഗ്ദാനം ജലരേഖയായി. രണ്ടാംഘട്ട വികസനത്തില്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട തുകയില്‍ കോടികള്‍ ഇനിയും കിട്ടാകടം പോലെ കിടക്കുന്നു. 
 
1998 ല്‍ രണ്ടാംഘട്ട ഭൂമി ഏറ്റെടുക്കലില്‍ 400 ഓളം വീട്ടുകാര്‍ക്ക് ഭൂമി നഷ്ടപ്പെട്ടു. ഇതിലാകട്ടെ ഏറിയ പേര്‍ക്കും ഭൂമിയുടെ വില ഇനിയും ലഭിക്കാനുണ്ട്. ഇതിന്റെ കേസ് കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനുപിന്നാലെയാണ് 247 ഏക്കര്‍ ഏറ്റെടുക്കാന്‍ നീക്കം നടക്കുന്നത്. പുതിയ ഏറ്റെടുക്കലില്‍ 300 ഓളം വീടുകള്‍ക്കുപുറമെ മേലങ്ങാടി ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍, രണ്ട് ആരാധനാലയങ്ങള്‍, 200 ഓളം കുടുംബങ്ങളുടെ ആശ്രയം കൂടിയായ തയ്യിലക്കുളം ശ്മശാനം ഏറെ മുറവിളിക്കും സമരങ്ങള്‍ക്കുമൊടുവില്‍ ലഭിച്ച ക്രോസ്‌റോഡ് എന്നിവയും നഷ്ടമായേക്കും.
 
300 കോടിയില്‍ അധികം രൂപയുടെ പദ്ധതികളാണ് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യോമയാന വകുപ്പ് ആവിഷ്‌ക്കരിച്ചത്. ഇതില്‍ റണ്‍വേ നീളം കൂട്ടുവാന്‍ 13 കോടി ആദ്യഘട്ടമായി നീക്കിവെച്ചിട്ടുണ്ട്. 
 
എന്നാല്‍ ഭൂമി ഏറ്റെടുത്ത് നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ചിലവാക്കേണ്ടിവരിക റണ്‍വേ വികസനത്തിന് ചെലവാക്കുന്ന തുകയുടെ 50 ഇരട്ടിയോളമാവും.

Search site