ഇന്ന് പൊന്നോണം

 അത്തം കറുത്തു, പൂരാടവും ഉത്രാടവും തിമിര്‍ത്തുപെയ്യുന്ന മഴ കൊണ്ടുപോയി. ഇനി തിരുവോണം വെളുക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികളെല്ലാം.
 
 ഓണത്തിനുവേണ്ടി സാധനങ്ങളൊക്കെ വാങ്ങിവെച്ചാലും എന്തെങ്കിലുമൊക്കെ വിട്ടുപോയിട്ടുണ്ടാകും. അതിനുള്ള ഓട്ടമായിരുന്നു ഉത്രാടനാളില്‍ മിക്കയിടത്തും. എന്നാല്‍ ഇടയ്ക്കിടെ പെയ്ത മഴ ഉത്രാടപ്പാച്ചിലിന്റെ വേഗം കുറച്ചു. 
 
 മഴ ഏറ്റവും കൂടുതല്‍ ബാധിച്ചത് വഴിവാണിഭക്കാരെയാണ്. സാധാരണക്കാര്‍ക്ക് ഉപ്പുതൊട്ട് കര്‍പ്പൂരം വരെ തെരുവ് കച്ചവടക്കാരില്‍ നിന്ന് ലഭിക്കും.
 
 ഓണക്കാലമായതോടെ തെരുവു കച്ചവടങ്ങള്‍ സജീവമായിരുന്നു. എന്നാല്‍ ഓണത്തോടടുപ്പിച്ച് രണ്ടുദിവസവും മഴ പെയ്തതിനാല്‍ പലയിടത്തും കച്ചവടം വേണ്ടത്ര ലഭിച്ചില്ല. മാത്രവുമല്ല മിക്ക തുണിക്കടകളും കടയുടെ മുന്‍പില്‍ തന്നെ വിലക്കുറവില്‍ വസ്ത്രങ്ങള്‍ വില്‍ക്കാന്‍ തുടങ്ങിയിരുന്നു. കട വിറ്റുകാലിയാക്കുന്നതിന്റെ ഭാഗമായാണ് പലരും ഇത്തരം വില്‍പ്പന നടത്തുന്നത്. താരതമ്യേന കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വില്‍പ്പന നടത്തുന്നതിനാല്‍ നല്ല തിരക്കായിരുന്നു ഇവിടങ്ങളില്‍. സാരിയും ചുരിദാറും കുട്ടിയുടുപ്പുകളും ഷര്‍ട്ടുകളും ജീന്‍സുകളുമാണ് കൂടുതല്‍ വിറ്റഴിയുന്നത്. ഇതും തെരുവോരങ്ങളില്‍ കച്ചവടം നടത്തുന്നവരെ സാരമായിത്തന്നെ ബാധിച്ചു. 
 
 എന്നാല്‍ മഴയെ അവഗണിച്ചും പച്ചക്കറിമാര്‍ക്കറ്റുകളില്‍ നല്ല തിരക്കായിരുന്നു. തിരുവോണനാളിലൊരുക്കാനുള്ള സദ്യവട്ടങ്ങള്‍ക്കുള്ള പച്ചക്കറികള്‍ മിക്കവരും ഓണത്തലേന്നാണ് വാങ്ങിവെച്ചത്. ഓണനാളില്‍ പാല്‍ പലയിടത്തും പെട്ടെന്ന് തീര്‍ന്നുപോകാറുള്ളതിനാല്‍ തലേന്നുതന്നെ വാങ്ങിവെച്ചു. തിരുവോണം പ്രമാണിച്ച് കൂടുതല്‍ പായ്ക്കറ്റ് പാലുകള്‍ ഇറക്കിയതായി കച്ചവടക്കാര്‍ പറഞ്ഞു.
 
 വിലക്കയറ്റവും തിമിര്‍ത്തു പെയ്ത മഴയും ഓണവിപണിയില്‍ മങ്ങലേല്‍പ്പിച്ചെങ്കിലും ഓണത്തെ മനസ്സറിഞ്ഞ് സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഓരോ മലയാളിയും.