ഓണരുചിയുള്ള സിനിമാ പാട്ടുകള്‍

പഞ്ഞമാസം പോയ്മറഞ്ഞു, ദാരിദ്രത്തിന്‍്റെ നിമിഷങ്ങളെ കഴുകിക്കളഞ്ഞ് പ്രകൃതി ഒരുങ്ങി. പുതുവെയിലും പൂനിലാവും പുതുനാമ്പും കൃഷി വിളവെടുപ്പുമായി വീണ്ടും ഒരു ഓണക്കാലംകൂടി; ഓര്‍മ്മകളില്‍ സുഗന്ധം നിറച്ചും നന്മയുടെ പൂക്കള്‍ വിരിയിച്ചും. ഒപ്പം ഒഴുകിയത്തെുകയാണ് ആ പാട്ടുകള്‍ പൂവിളി... പൂവിളി... പൊന്നോണമായി.... ആഗോളവത്കരണവും പരിഷ്കാരങ്ങളും സൃഷ്ടിച്ച ധാരാളിത്തത്തില്‍ മലയാണ്‍മയില്‍നിന്ന് പൂക്കളും പൂക്കളവും പാട്ടുകളും പച്ചപ്പുകളും നഷ്ടമായെങ്കിലും ഓണപ്പാട്ടുകള്‍ ചുണ്ടില്‍ മൂളാത്തവര്‍ ആരെങ്കിലുമുണ്ടോ?. പ്രത്യേകിച്ചും സിനിമയിലൂടെ മലയാളിക്ക് മുന്നിലത്തെിയ ഓണ രുചിയുള്ള പാട്ടുകള്‍. ഓണത്തെക്കുറിച്ച് പല കാഴ്ചപ്പാടുകളും വീക്ഷണങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും ഓണം മലയാളികളുടെ ഗൃഹാതുരത്വം തേടിയുള്ള യാത്രയാണ്... പഴയ ഓര്‍മ്മപുതുക്കലാണ്... മലയാളിയുടെ ദേശീയോത്സവമാണ്. ലോകത്തിന്‍്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേ ഓണം ഘോഷിക്കുന്നുവെന്നതാണ് വലിയ പ്രത്യേകത. മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്നവര്‍ മുതല്‍ മറുനാടന്‍ മലയാളികള്‍ക്ക് വരെ ഓണം വേറിട്ട അനുഭവമാണ്.
 പരിഷ്കാരങ്ങള്‍ക്കിടയിലും ഓണം മലയാളികള്‍ മറ്റൊരു തരത്തില്‍ കൊണ്ടാടുന്നുണ്ടെങ്കിലും ഓണപ്പാട്ടുകള്‍ ഇല്ലാതായിരിക്കുന്നു. പുതിയ ഓണപ്പാട്ടുകള്‍ കേള്‍ക്കാനില്ല.
 പണ്ട് കാലത്ത് മണ്ണിന്‍്റെ മണമുള്ള, ഈ നാടിന്‍്റെ ആത്മാവുള്ള ഒത്തിരി ഓണപ്പാട്ടുകള്‍ നമ്മുടെ പൂര്‍വ്വികര്‍ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. അത് നെഞ്ചേറ്റി നമ്മള്‍ പാടി നടന്നു. അതില്‍ സ്വപ്നങ്ങള്‍ നെയ്തു.. പുതുതലമുറക്ക് പകര്‍ന്നു നല്‍കി. അത് വാമൊഴിയായും വരമൊഴിയായും ആത്മാവിന്‍്റെ ഭാഗമായി. ഇത്തരം നിരവധി പാട്ടുകളുണ്ടെങ്കിലും മലയാളിയുടെ ഗൃഹാതുരത്വം നിറഞ്ഞ ഓണ ഓര്‍മ്മകളില്‍ നിറയുന്നത് സിനിമാ പാട്ടുകള്‍ തന്നെയാണ്.
 1955 ല്‍ പുറത്തിറങ്ങിയ "ന്യൂസ് പേപ്പര്‍ ബോയ'് എന്ന ചിത്രത്തിലുണ്ടായിരുന്ന എല്ലാവരുടെയും നാവില്‍ പെട്ടന്നത്തെുന്ന, ‘മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ’ എന്ന പരമ്പരാഗത പാട്ടാണ് സിനിമയിലൂടെ ആദ്യമായി കേള്‍ക്കുന്ന ഓണപ്പാട്ട്. എ. വിജയനും എ. രാമചന്ദ്രനും ഈണം നല്‍കി കമുകറ പുരുഷോത്തമും ശാന്ത പി. നായരും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ‘അവര്‍ ഉണരുന്നു’ എന്ന ചിത്രത്തില്‍ പി നാരായണന്‍ നായര്‍ രചിച്ച് ദക്ഷിണാമൂര്‍ത്തി ഈണം നല്‍കിയ ‘മാവേലി നാട്ടിലെ മന്ദാരക്കാറ്റിലെ’... എന്ന ഗാനം എല്‍ പി ആര്‍ വര്‍മ്മ പാടിയത് ശ്രദ്ധേയമായിരുന്നു.
 കവിയൂര്‍ രേവമ്മ പാടിയ ‘ഓണത്തുമ്പീ ഓണത്തുമ്പീ ഓടി നടക്കും വീണക്കമ്പി’ എന്ന ഗാനം പി ഭാസ്കരന്‍മാഷുടെ ശാലീനത തുളുമ്പുന്ന വരികളാണ്. ബാബുരാജിന്‍്റെ ലാളിത്യമാര്‍ന്ന സംഗീതം കൂടിയായപ്പോള്‍ ഈ ഗാനം മികവുറ്റതായി. 1961 ല്‍ പുറത്തുവന്ന മുടിയനായ പുത്രനിലേതാണ് ഈ ഗാനം. എല്‍ ആര്‍ ഈശ്വരിയുടെ കുസൃതി നിറഞ്ഞ ശബ്ദത്തിലുള്ള ‘ഓണത്തുമ്പീ വന്നാട്ടേ ഒരു നല്ല കഥപറയാന്‍ ഒന്നിരുന്നാട്ടേ’ എന്ന ഗാനം അക്കാലത്തെ ഹിറ്റുകളിലൊന്നാണ്. എം ബി ശ്രീനിവാസന്‍്റെ ഉജ്വല സംഗീതത്തിന് തിരുനയനാര്‍കുറിച്ചിയാണ് വരികള്‍ എഴുതിയത്്.
 റേഡിയോയില്‍ കേട്ട് ഹിറ്റായ ഒരു ഓണപ്പാട്ടാണ് ‘അത്തം പത്തിനു പൊന്നോണം പുത്തരികൊണ്ടൊരു കല്യാണം’. 1966 ല്‍ പുറത്തിറങ്ങിയ പിഞ്ചുഹൃദയം എന്നചിത്രത്തിലേതാണിത്. പി ഭാസ്കരന്‍-ദക്ഷിണാമൂര്‍ത്തി എന്നിവരാണ് ഇതിന്‍്റ ശില്‍പികള്‍. എല്‍ ആര്‍ ഈശ്വരി പാടിയിരിക്കുന്നു.
 വയലാറിന്‍്റെ തൂലികയില്‍ പിറന്ന ‘മാവേലി വാണൊരുകാലം മറക്കുകില്ലാ മലയാളം’ 1970 ല്‍ വളരെ ഹിറ്റായ സമൂഹഗാനമായിരുന്നു. തുടര്‍ന്ന് കുറേ വര്‍ഷങ്ങള്‍ ഈ ഗാനം യുവജനോത്സവവേദികളിലും മറ്റും മുഴങ്ങി. കുറ്റവാളി എന്ന ചിത്രത്തിനുവേണ്ടി വയലാര്‍-ദക്ഷിണാമൂര്‍ത്തി ടീമിന്‍്റെതാണ് സൃഷ്ടി. പി സുശീലയാണ് മുഖ്യ ഗായിക.
 ‘പൂവേ പൊലി പൂവേ പൊലി പൊലി പൂവേ, തുമ്പപ്പൂവേ പൂത്തിരളേ നാളേക്കൊരുവട്ടി പൂ തരണേ ...’1972 ല്‍ ചെമ്പരത്തി എന്ന ചിത്രത്തില്‍ മാധുരി പാടിയ ഈ ഗാനം വയലാര്‍-ദേവരാജന്‍മാരുടെ അനശ്വര സഷ്ടിയാണ്.
 1973 ആയപ്പോഴേക്കും ആളുകള്‍ സിനിമകള്‍ കൂടുതല്‍ കണ്ടു തുടങ്ങി. റേഡിയോ പാട്ടുകള്‍ക്കൊപ്പം നിരവധി പാട്ടുകള്‍ ആസ്വദിച്ചുതുടങ്ങി. ‘പൂവണിപ്പൊന്നുംചിങ്ങം വിരുന്നു വന്നു പൂമകളേ, കാറ്റിലാടും തെങ്ങോലകള്‍ കളിപറഞ്ഞു കളിവഞ്ചിപ്പാട്ടുകളെന്‍ ചുണ്ടില്‍ വിരിഞ്ഞു....’ ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് എം കെ അര്‍ജുനന്‍ സംഗീതം നല്‍കി. ഇതോടെ പുതിയ കൂട്ടുകെട്ടുകള്‍ വന്നു.
 ‘ഒന്നാം പൊന്നോണ പൂപ്പടകൂട്ടാന്‍ പൂക്കനികോരാന്‍ പൂക്കളം തീര്‍ക്കാന്‍
 ഓടിവാ തുമ്പീ പൂത്തുമ്പീ താ...തെയ്....’ ഏതു മലയാളിയുടെയും ഓര്‍മ്മയില്‍ പൂത്തുനില്‍ക്കുന്ന ഈ വയലാര്‍-ദേവരാജന്‍ ഗാനം 1973 ലെ പാവങ്ങള്‍ പെണ്ണുങ്ങള്‍ എന്ന ചിത്രത്തിലേതാണ്. ‘പൊന്നിന്‍ ചിങ്ങത്തേരുവന്നേ.. പൊന്നമ്പലമേട്ടില്‍ ’ എന്ന പി ലീല ആലപിച്ച ഗാനം തമ്പി - ദക്ഷിണാമൂര്‍ത്തി മാരുടെ ഏറ്റവും നല്ല ഗാനങ്ങളിലൊന്നാണ്.
 1973ല്‍ പുറത്തിറങ്ങിയ മാധവിക്കുട്ടി എന്ന ചിത്രത്തിലെ മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ... എന്ന പി ലീല പാടിയ ഗാനം ദക്ഷിണാമൂര്‍ത്തി -ശ്രീകുമാരന്‍ തമ്പി ടീമിന്‍്റെ മറ്റൊരു ഹിറ്റാണ്. തമ്പിയുടെ ‘തിരുവോണപ്പുലരിതന്‍ തിരുമുല്‍ക്കാഴ്ച വാങ്ങാന്‍ .... എന്ന ആരഭി രാഗത്തിലുള്ള വാണി ജയറാം പാടിയ ഗാനം ഇന്നും ചാനലുകളില്‍ ആഘോഷിക്കുന്നു.
 ‘ആറന്മുള ഭഗവാന്‍്റെ പൊന്നുകെട്ടിയ ചുണ്ടന്‍വള്ളം ആലോല മണിത്തിരയില്‍ നടനമാടി’ എന്ന പി ജയചന്ദ്രന്‍ പാടിയ ഗാനം 1976 ലെ ഹിറ്റാണ്. ശ്രീകുമാരന്‍ തമ്പി - ദേവരാജന്‍ കൂട്ടുകെട്ടിലെ അപൂര്‍വ്വ ഗാനങ്ങളിലൊന്നാണിത്.
 ചലച്ചിത്രഗാനങ്ങളുടെ രുചി മാറിവരുന്ന കാലമായിരുന്നു 1975 മുതല്‍. പാരമ്പര്യ ഈണങ്ങളില്‍ നിന്ന് മാറി എം കെ അര്‍ജുനന്‍, ശ്രീകുമാരന്‍തമ്പി, ടീമിന്‍്റെ ‘പൊന്നിന്‍ ചിങ്ങ മേഘം വാനില്‍ പൂക്കളം പോലാടി’ എന്ന സുശീല പാടിയ ഗാനം അക്കാലത്ത് എല്ലാവരും മൂളി നടന്ന ഒരു ഗാനമായിരുന്നു.
 ഇന്നത്തെ തലമുറക്കു പരിചയമുള്ള ഓണപ്പാട്ടുകളില്‍ ഒന്നാമതാണ് ‘ഓണപ്പൂവേ ഓണപ്പൂവേ.. ’എന്ന സലില്‍ ചൗധരി - ഒ എന്‍ വി ഗാനം. പ്രേംനസീര്‍ കുട്ടനാടന്‍ കായലിലൂടെ ബോട്ടില്‍ പാടിവരുന്ന സീന്‍ ഇല്ലാതെ ഈ പാട്ടിനെ ഓര്‍ക്കാന്‍ സാധിക്കില്ല. ഇതിലെ സലില്‍ ദായടെ പുതുമയാര്‍ന്ന ഓര്‍ക്കസ്ട്രേഷന്‍ മലയാളികളെ അത്ഭുതപ്പെടുത്തി. ശ്രീകുമാരന്‍ തമ്പിയും സലില്‍ദായുമൊന്നിച്ച പൂവിളി പൂവിളി പൊന്നോണമായി എന്ന ഗാനവും ഇന്ന് ഏറെ ഹിറ്റാണ്.
 1980 ല്‍ ശ്യാം ഈണമിട്ട രണ്ട് ഓണപ്പാട്ടുകള്‍ വളരെ ഹിറ്റായിരുന്നു. ഒന്നു ബിച്ചു തിരുമലയെഴുതി വാണി ജയറാം പാടിയ ഓണവില്ലിന്‍ താളവും കൊണ്ടിതിലേ പോരുമെന്‍ കരിവണ്ടേ നീരാടാന്‍ നീയും പോരുമോ...’ പിന്നെ ശ്യാമും ശ്രീകുമാരന്‍ തമ്പിയും സഹകരിച്ച ‘കാലം തെളിഞ്ഞു പാടം കനിഞ്ഞു കള്ളി നിന്‍്റെ കള്ളച്ചിരിപോലെ, പൊന്നരളി പൂനിരത്തി പൊന്നോണം വിരുന്നുവരും അരവയര്‍ നിറവയറാകുമ്പോള്‍ നിനക്കും എനിക്കും കല്യാണം...’ അക്കാലത്ത് ഏറ്റുവും മുഴങ്ങിക്കേട്ട ഗാനങ്ങളാണ്. 1983 കെ പി ഉദയഭാനുവും ഒരു പാട്ടിനു ഈണമിട്ടു. ജാനകിദേവി പാടിയ ഈ ഗാനം ഇതാണ്; ‘മാവേലി മന്നന്‍്റെ വരവായ് മാളോര്‍ക്കെല്ലാമുണര്‍വ്വായ്.’
 വഴിയോരക്കാഴ്ചകളിലെ ‘ഓണനാളില്‍ താഴെക്കാവില്‍ ഒരുകിളി തപസുണര്‍ന്നു...’എന്ന ഗാനം എസ് പി വെങ്കിടേഷ്-ഷിബുചക്രവര്‍ത്തി ടീം ആണ് ഒരുക്കിയത്. ചിത്രയും ജയചന്ദ്രനും ശബ്ദം നല്‍കി. 92 ല്‍ അഹം ബ്രഹ്മാസ്മി എന്ന ചിത്രത്തില്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ്മയും ടി കെ ലയന്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ ഗാനം ചിത്രയും യേശുദാസും പാടി. ഓണം ആല്‍ബങ്ങളില്‍ കൂടുതല്‍ ഹിറ്റുകളുണ്ടാക്കിയ രവീന്ദ്രന്‍ പക്ഷെ സിനികളില്‍ വളറെ കുറച്ചു മാത്രമാണ് ഓണപ്പാട്ടുകള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ളത്. പി സി അരവിന്ദന്‍്റെ രചനയില്‍ ഒരു പഞ്ചതന്ത്രം കഥ എന്ന ചിത്രത്തില്‍ ‘ഓണം വന്നൂ മലനാട്ടില്‍ എന്ന ഗാനവും പിറന്നു...’
 ഓണപ്പാട്ടുകളില്‍ ഇന്നും ആഘോഷിക്കുന്നവ അന്യഭാഷാ സംഗീതസംവിധായകരായ സലില്‍ ചൗധരിയും വിദ്യാസാഗറുമാണ് എന്നത് മറ്റൊരു പ്രത്യേകതയാണ്. ചാനലുകളിലെ ഇടവേളകളില്‍ ഇവരുടെ സംഗീതമാണ് നിറയുന്നത്. എന്നാല്‍ തരംഗിണി ഗാനങ്ങള്‍ വലിയ ചലനമുണ്ടാക്കി.

Search site